Monday, 23 September 2013

ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ?

ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ?

ഈ കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂടെയുള്ള  ഒരു ചേച്ചിയെ നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി രാത്രിയിൽ ഒരു സഹായത്തിനു അവിടം വരെ പോകേണ്ടിവന്നു .എത്തിയപ്പോൾ അല്ലെ പുകിൽ ...അടുക്കിപെറുക്കി വെയ്പ്പോക്കെ കഴിഞ്ഞിരിക്കുന്നു ....ലഗേജുകൾ എയർപോർട് വരെ  എത്തിക്കണമല്ലോ!! അതിനായി ഒരു പെട്ടി കെട്ടാനുള്ള ചുമതല എനിക്കായി...എട്ടിന്റെ  പണി കിട്ടിയെന്ന്‌ തന്നെ പറയാം. നേരത്തെ ഈ പണി ചെയ്തു പരിചയമൊന്നും ഇല്ലെങ്കിലും ഒരു കൈ നോക്കാൻ തന്നെ  തീരുമാനിച്ചു...അങ്ങനെ വല്യ പുള്ളി കളിച്ചു ഞാൻ പെട്ടി  കെട്ടി, മറ്റുള്ളവരുടെ ചെറിയ സഹായത്തോടുകൂടി...ഇത്തിരി പോന്ന ഞാൻ തന്നെയോ ഇത് കെട്ടിയതെന്ന് അത്ഭുതവും തോന്നി...(ഞാൻ മനസ്സിൽ പറഞ്ഞു, ഈ കെട്ടങ്ങാനും അഴിഞ്ഞാൽ എന്റെ കാര്യം പോക്കാ,,ഉള്ള ഇമേജ് കൂടി പോയികിട്ടും) ഡ്രൈവർ ന്റെ വിളി വേഗം വന്നതിനാൽ  ഒന്നുകൂടി കൌണ്ടർ ചെക്കിംഗ് നുള്ള സമയമൊന്നും കിട്ടിയുമില്ല...പെട്ടി ഒന്ന് രണ്ടു പേർ ചേർന്ന് അതും ആ കയറെപിടിച്ചു  (ഞാൻ അവരോടായി പറഞ്ഞു ആ കയറിനു നോവാതെ പിടിക്കണേ)  ലിഫ്റ്റ്‌ വരെ എത്തിയതും അത്‌ അയഞ്ഞു തുടങ്ങിയിരിക്കുന്നു...കൂടെയുള്ള ആരോ ഉറക്കെ പറഞ്ഞു..."ഇത് പെണ്‍ കെട്ടാണേ"  ....ഞാൻ വായും പൊളിച്ചു നിന്നുപോയി .പെണ്കെട്ടോ ,അതെന്തൊരു കെട്ട്... ഞാൻ പറഞ്ഞു, ഓ പിന്നെ,അങ്ങനെയൊന്നും ഇല്യാന്നെ...ഞാൻ കുറച്ച് തിരക്കുപിടിച്ച് കെട്ടിയതുകൊണ്ട് അത് ചെറുതായൊന്നു അയഞ്ഞു .അത്രേയുള്ളൂ...ചെക്കന്മാർ കെട്ടിയാലും ഇങ്ങനെയൊക്കെ സംഭവിക്കൂ...അങ്ങനെ ചേച്ചിയെ ഇവിടെനിന്ന് എയർപോർട്ട് ലേക്ക് കയറ്റി വിട്ടു... പിറ്റെ ദിവസം  ജോലിക്ക് പോകേണ്ട ഞാൻ  അലാറം വെച്ച് എഴുന്നേറ്റ് ചേച്ചിയെ ഫോണ്‍ വിളിച്ചുചോദിച്ചു ..ചേച്ചി, 'പെണ്‍ കെട്ട്' എന്ന് വിളിക്കപെട്ട ആ കെട്ടങ്ങാനും അഴിഞ്ഞു പോയോ ? ചേച്ചി ആശ്വസിപ്പിച്ചു ..എടി ,കൊച്ചെ ...അത് അഴിഞ്ഞോന്നും പോയില്ല..നീ സമാധാനമായി കിടന്നുറങ്ങ്... കൂടെ ഇങ്ങനെയും,കെട്ടഴിച്ച കൂലിക്കാരൻ പറഞ്ഞത്രേ.ഇതൊരു വല്ലാത്ത കെട്ടായിപോയല്ലോ  !! എനിക്ക് സന്തോഷമായി  ഉറക്കവും പോയി കിട്ടി... ചിന്തയിങ്ങനെയും, ദൈവമേ ..ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ആവോ  ? 

Saturday, 21 September 2013

" ഇന്ന് ലോക അൽഷിമേഴ്സ് ദിനം "

ചെറിയ ഒരു ഓർമപിശകിൽനിന്നുമുള്ള തുടക്കം. ക്രമേണ ചിന്താശേഷി പോലും നഷ്ടപ്പെട്ട് ഭ്രാന്തമായ അവസ്ഥയിൽകൂടി ചുറ്റുപാടുള്ളതൊന്നുമറിയാതെ എരിഞ്ഞടങ്ങുന്ന കുറെ ജീവിതങ്ങൾ . ഒരിക്കലും ഭേദമാവില്ലല്ലോ എന്ന സത്യവും ഉൾക്കൊണ്ടു മനോവേദനയിൽ നീറുന്ന പ്രിയപെട്ടവരും ...ഇതൊരു ഭാഗ്യമോ? അതോ നിർഭാഗ്യമായ അവസ്ഥ തന്നെയോ ? (ഓർമയുടെ പാളികൾ പോലും ദ്രവിച്ചുപോകതക്ക വിഷമുള്ള ചിലതൊന്നും കാണുകയും കേൾക്കുകയും ചെയ്യണ്ടല്ലോ,അതുകൊണ്ടാണ് ഭാഗ്യത്തെപറ്റി പറഞ്ഞത്) ഇവരുടെ കൂടെ സഹായത്തിനു തുണയാകേണ്ടത് നമ്മൾ മാത്രം...അവരെക്കാളും, മറ്റെന്തിനെക്കാളും ഓർമ അധികമുള്ള നമ്മൾ.... !!! 

Monday, 16 September 2013

ഓണസ്മൃതികള്‍...

ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകളോടുകൂടിയ ഒരു ഓണം. ഇന്നെന്റെ മനസ്സിൽ ആഘോഷിച്ചു കൊതി തീരാത്ത ആ  കുട്ടിക്കാലം മാത്രം. ഒരിക്കൽ കൂടി ഒരു കൊച്ചു കുട്ടിയായി ഒന്നു ഊഞ്ഞാലാടാനും പാറി പറക്കാനും സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പൂവും പൂവിളികളും,ഓണസ്സദ്യയും പാലടപ്രഥമനും, ഊഞ്ഞാലും ഓണക്കോടിയും,മുറ്റത്ത്‌ വിരിയുന്ന പൂക്കളങ്ങള്‍ക്കൊപ്പം ഹൃദയത്തിലും  പ്രതീക്ഷ പൂത്തുലഞ്ഞിരുന്ന ആ നല്ലകാലം ഇന്നു ഒരുപിടി മധുരസ്മരണകൾ മാത്രമായി  മനസിനെഉണർത്തി കടന്നുപോകുന്നു. ഇന്ന് അതിരാവിലെ തന്നെ എന്നെ ഓർത്തു ചിരിപ്പിച്ചതും ദൈവത്തോട് പറഞ്ഞതും  എന്താണന്നോ.... "കുറച്ചു അകലത്തെ വീട്ടിലെ പ്ലാവ്മരത്തിൽ കെട്ടിയ ഊഞ്ഞാലിൽനിന്ന് പേടിച്ചു എടുത്തു ചാടിയതും  കാൽമുട്ട് മുറിഞ്ഞു കരഞ്ഞു വീട്ടിൽ ചെന്ന എന്നെ മമ്മി തുരു തുരാ തല്ലിയതും  അത്താഴ പട്ടിണി കിടന്നതും...ഇന്ന്‌  ആ പ്ലാവ് പോയിട്ട് അത് നട്ടുവളർത്തിയ വീട്ടുകാർ പോലും തമ്മിൽ തല്ലി നാലുവഴിക്ക്‌ ആയിരിക്കുന്നു".കൂട്ടുകാരെ ,അവരുടെ അധപതനത്തിൽ ഞാൻ സന്തോഷിക്കുകയല്ല.മറിച്ചു അന്നത്തെയും ഇന്നത്തെയും ഓണം ഓർത്തോന്നു താരതമ്യം ചെയ്തെന്നു മാത്രം. അടുത്ത വർഷം എന്താകുമെന്തോ !!! നിറയട്ടെ നമ്മളിൽ പോയ ബാല്യത്തിന്റെ തിരുവോണ രുചികൾ,നിറങ്ങൾ,മണങ്ങൾ.അങ്ങനെയെല്ലാം....
""എല്ലാത്തിലുമുപരി സർവശക്തൻ ചൊരിയുന്ന സന്തോഷവും സമാധാനവും""!!!