Monday, 21 October 2013

ഒരു ബേബി കഥ

കഴിഞ്ഞ അവധി കാലത്ത് നാട്ടിൽ നിന്ന് ഒരു പുതിയ ടീഷർട്ട് വാങ്ങിയ ദിവസം.ഇതിട്ട് ഇന്നു എവിടെ കറങ്ങാൻ പറ്റും എന്ന് ആലോചിച്ചു കൊണ്ടിരിക്കുപ്പോഴാണ്.പെട്ടെന്ന് മമ്മിയുടെ വിളി അടുക്കളയിൽ നിന്ന് വന്നത്.കൊച്ചെ,ഒന്ന് കടയിൽവരെ പോകുമോ?അതിനെന്താ മമ്മി പോകാമല്ലോ. കേട്ട പാതി,കേൾക്കാത്ത പാതി ഞാൻ വേഗം തന്നെ പുതിയ ടീഷർട്ടും ഒരു ഷോർട്ട് സ്കേർട്ടുമൊക്കെ ഇട്ട് ട്രിം ചെയ്ത മുടിയൊക്കെ ഒതുക്കി മിനിട്ടുകൾക്കുള്ളിൽ അമ്മച്ചിയുടെ അടുത്തെത്തി ചോദിച്ചു,കൊച്ചുമോൾ ചെത്താണല്ലൊ അല്ലെ? അമ്മച്ചിയുടെ അമർത്തി മൂളിയുള്ള മറുപടി. കെട്ടിക്കാറായി !! ഇപ്പോഴും കൊച്ചുപിള്ള ആണെന്നാ വിചാരം.അതുകേട്ടു ചിരിച്ചു തുള്ളി ഞാൻ കടയിലേക്ക് വെച്ച് പിടിച്ചു.പോകുന്ന വഴി അയൽവക്കത്തെ വീട്ടിലെ ചേച്ചിയെയും കൂട്ടിന് കിട്ടി...

അങ്ങനെ നടന്നു നീങ്ങുമ്പോൾ ഒരു ഇന്നോവ വണ്ടി ചള്ളവെള്ളം തെറുപ്പിച്ച് ചീറി പാഞ്ഞു വരുന്നു ഞങ്ങളുടെ നേർക്ക്‌.ഞങ്ങൾ ഒരു കോണിലേക്ക് നീങ്ങവേ അത് നേരെ മുന്പിൽ വന്നു ബ്രേക്കിട്ടു.വണ്ടിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ കുറെ തടിമാടാൻമാരായ ചേട്ടന്മാർ.ഞാൻ പെട്ടെന്ന് ഒന്ന് കണ്ണ് വെട്ടിച്ചെങ്കിലും നോട്ടം അവരിലേക്ക്‌ തന്നെയാക്കി.ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഇവർ പണ ചാക്കുകൾ ആണെന്ന് ആര്ക്കും അറിയാം.അവർ ഞങ്ങളോടായി ചോദിച്ചു ഈ പള്ളിയാങ്കലെ ബേബിയുടെ വീട് ഏതാണ്? (ഞാൻ മനസ്സിൽ പറഞ്ഞു പള്ളിയാൻങ്കലെ ഓരോ വീട്ടിലും ഒരു കുഞ്ഞ് വീതം എങ്കിലും ഉണ്ടാകും, ഇവർ ഏതു ബേബിയെ ആണോ ഉദേശിക്കുന്നത്:P) പ്രായത്തിൽ മൂത്തത് കൂടെയുള്ള ചേച്ചി ആയതിനാൽ, പറയട്ടെ എന്ന് കരുതി ഞാൻ ചേച്ചിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.ചേച്ചിക്ക് തടിയന്മാരെ കണ്ടപ്പോൾ മിണ്ടാട്ടം മുട്ടിപോയി എന്ന് തോന്നുന്നു. മിണ്ടുന്നില്ല.അവർ ചോദ്യം ആവർത്തിച്ചു.ഇത്തവണ ഞാൻ പ്രതികരിച്ചു തുടങ്ങി,പള്ളിയാങ്കൽ കുടുംബത്തിൽ കുറെ ബേബിമാർ ഉണ്ട്.നിങ്ങൾക്ക് ഏതു ബേബിയെയാണ് വേണ്ടത്? കൊച്ചു ബേബി,വല്യ ബേബി,അതോ കാലൻ ബേബിയോ?അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പറഞ്ഞു നിങ്ങൾ ഇപ്പോൾ പോകുന്ന വഴിയിൽ ഒരു ബേബിയുടെയും വീടില്ല.റിവേർസ് എടുത്തു വലതു പോയിട്ട് അവിടുന്ന് SECOND LEFT-ൽ ആദ്യത്തേത് കൊച്ചു ബേബിയുടെ വീട്.അവിടുന്ന് ഒരു കിലോമീറ്റർ പോയാൽ ഒരു ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്. അതിന്റെ ഇപ്പുറത്തായി LEFT SIDE ൽ ഉള്ളിലേക്ക് ചേർന്നു ഒരു ഇരുനില കെട്ടിടമുണ്ട്.അതാണ് വല്യ ബേബി or കാലൻ ബേബിയുടെ വീട്.പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന തടിയൻ ചേട്ടൻ എന്നെകണ്ണുരുട്ടി ഒന്ന് നോക്കിയിട്ട് പറഞ്ഞു, ഏത് ബേബിയാണനൊന്നും അറിയില്ല മോളെ.അവർ പണ്ട് മലയായിൽ ആയിരുന്നു. ഇപ്പോ ആള് കിടപ്പിലാണ്.പിന്നെ സംശയം കൂടാതെ ഞാൻ പറഞ്ഞു നിങ്ങൾ പറഞ്ഞ ബേബി ഞാൻ പറഞ്ഞ കാലൻ ബേബി തന്നെയാണ്.ഞാൻ പറഞ്ഞ രണ്ടാമത്തെ ഇടത്തേക്ക് പോയാൽ മതി.അവർ വണ്ടി റിവേർസ് ഗിയറിൽ ഇട്ട്‌കുറെ നന്ദി പറഞ്ഞു.ഒപ്പം ഇങ്ങനെയും 'മോൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്?' ഞാൻ തെല്ലും ഗമയിൽ അങ്ങോട്ടും പറഞ്ഞു,പഠിത്തം കഴിഞ്ഞു....ഇപ്പോൾ ജോലി ചെയ്യുകയാണ്.പുറക് സീറ്റിലെ ചേട്ടന്റെ 'ദൈവമേ ഈ കൊച്ചോ' എന്നുള്ള പറച്ചിൽ പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും ഞാൻ കേട്ടു. ദൈവമേ നന്ദി എന്ന് ഞാനും അറിയാതെ പറഞ്ഞുപോയി.വേറൊന്നും കൊണ്ടല്ല.വഴി തെറ്റാതെ പറഞ്ഞു കൊടുക്കാൻ എനിക്ക്പറ്റിയല്ലോ.....