Thursday 14 November 2013

ശിശു ദിനം (2013) - ഇന്നത്തെ കുട്ടികളുടെ ബാല്യം

ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വളരുന്നതും, നല്ല പ്രായം വരെ ആ ഓർമ്മകൾ അയവിറക്കാൻ പറ്റിയതുമായ സുവർണ്ണ കാലമല്ലേ അവന്റെ ബാല്യകാലം !!എന്നാൽ ഇന്നത്തെ തലമുറയിലെ നല്ലൊരു ശതമാനം കുഞ്ഞുങ്ങൾക്ക്‌ ആസ്വദിക്കാൻ പറ്റാതെ പോകുന്നതും ഈ ബാല്യകാലം തന്നെ.കാരണങ്ങൾ പലതാണ്.....

മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും നികൃഷ്ടമായ പെരുമാറ്റവും, സ്നേഹത്തിന്റെ മുഖം മൂടിവെച്ചുള്ള പീഡനപ്രവർത്തികളും, ദാരിദ്ര്യവും,അനാഥത്വവും,മാറാ രോഗത്താലുള്ള കഷ്ടതയുമൊക്കെ ഇന്ന് കുഞ്ഞുങ്ങളിൽ ശൈശവ കാലത്തിന്റെ ആസ്വാദനം കുറക്കപെടുവാൻ കാരണമാകുന്നു.

''കാറ്റും മഴയും പാട്ടും കൂട്ടും കണ്ടു കളിച്ചു രസിച്ചു ഓടി നടക്കേണ്ടുന്ന പ്രായത്തിൽ പുസ്തക പുഴുക്കളായി നാല് ചുവരുകൾക്കുള്ളിൽ ഒതുക്കുന്നതിലും, നാട്ടുംപുറൻകാരുടെ ഭാഷയിൽ മൊട്ടയിൽ നിന്നും വിരിയുന്നതിനു മുൻപേ കമ്പ്യൂട്ടറും മൊബൈൽ ഫോണും വാങ്ങികൊടുത്തു അവരിലേക്ക്‌ തിന്മയുടെ വിഷം കുത്തിവെക്കപെടുന്നതിലും ഇന്നത്തെ പരിഷ്കാരികളായ മാതാപിതാക്കൾക്ക് നല്ലൊരു പങ്കുണ്ട്.(അല്ലാ,അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല...നാട് ഓടുമ്പോൾ നടുവേ ഓടണമല്ലോ,അല്ലെ ? )

പൈതങ്ങൾ ദൈവത്തിന്റെ ദാനമാണ്. അവരവരുടെ മക്കളെ നന്നായി വളർത്താൻ, നന്നായി കാണാൻ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. അങ്ങനെ സ്വന്തം മക്കളെ പോലെ മറ്റുള്ള മക്കളെയും കാണാൻ എല്ലാവര്ക്കും സന്മനസ്സ് ഉണ്ടാവട്ടെ !! ഇതോടൊപ്പം ഒരു കുഞ്ഞി കാല് കാണുവാൻ വേണ്ടി വർഷങ്ങളായി കാത്തിരുന്ന് പ്രാർത്ഥിക്കുന്ന എത്രയോ ദമ്പതികൾ ഉണ്ടാകാം.ഈ ദിനത്തിൽ അവരെയും ഓർത്തു പ്രാർത്ഥിക്കാം.അടുത്ത ശിശു ദിനത്തിലെങ്കിലും അവർക്കും ആശക്ക്‌ വകയുണ്ടാകണം.

എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ ബാല്യകാലം മനോഹരമായി ആസ്വദിക്കാൻ സർവ്വ കൃപാലുവായ ദൈവം സഹായിക്കട്ടെ എന്നീ ശിശുദിനത്തിൽ ഞാനും ആശംസിക്കുന്നു !!!