Sunday 23 December 2012

യേശു ഹൃദയത്തില്‍ ജനിക്കട്ടെ!!!


ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍   ആര്‍ഭാടമായി  ക്രിസ്തുവിന്‍റെ ജനനം ആഘോഷിക്കുന്നു . വര്‍ണ്ണഭംഗിയേറിയ  നക്ഷത്രങ്ങള്‍ ,ക്രിസ്മസ് ട്രീകള്‍, പുല്‍കൂടുകള്‍ ,മറ്റു തോരണങ്ങള്‍ ഇവയെല്ലാംകൊണ്ട് ഒട്ടുമിക്ക വീടുകളും അണിഞ്ഞൊരുങ്ങി  കഴിഞ്ഞു ,ഇതുകൂടാതെ ആശംസാ കാര്‍ഡുകള്‍ അയക്കുകയും  ,സമ്മാനപൊതികള്‍ കൈമാറുകയും ,ഭവനങ്ങള്‍ സന്ദര്‍ശിച്ചു കാരോളുകള്‍ നടത്തി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നു .

ഇന്ന് പല വീട്ട അങ്കണങ്ങലിലും നക്ഷത്രങ്ങള്‍ തൂക്കി പ്രകാശം തെളിയിക്കുന്നുണ്ടെങ്കിലും മനുഷ്യന്‍റെ അകത്തളത്തിലെ പ്രകാശം തെളിയാതെ  പോകുന്നു.പുറത്തുള്ളതിനെക്കാള്‍ കൂടുതല്‍ വെളിച്ചം നമുക്ക് അകത്താണ് ഉണ്ടാകേണ്ടത് .നമ്മുടെ ഉള്ളറകളില്‍  ഒരു പ്രകാശം ഉണ്ടെന്നറിയുന്നതാണ് ക്രിസ്തുവുമായി ബന്ധപെട്ടു നമുക്ക് ഈ ദിവസങ്ങളില്‍ നല്‍കാവുന്ന ഏറ്റവും നല്ല പ്രണാമം .ആ വിളക്കിനെ നാം കണ്ടെത്തണം . ആ വിളക്കിനെ തൊട്ടുണര്‍ത്തുവാന്‍  വേണ്ടിയാണ് ഈ ഭൂമിക്ക്‌ മീതെ തെളിഞ്ഞ ആ നക്ഷത്രം,വീട്ട അങ്കണങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രങ്ങള്‍ നമ്മെ  പ്രേരിപ്പിക്കുന്നത് .അല്ലാതെ വീട്ട അങ്കണങ്ങളില്‍ നക്ഷത്രങ്ങള്‍ തൂക്കിയിട്ടിട്ടും അകത്ത് ഒരു ചിരാത് പോലും തെളിയാതെ പോകുന്നത് കഷ്ടമല്ലേ ?ഈ പ്രകാശം ഇത്രയേറെ ഒഴിച്ചുകൂടാനാവാത്ത ,വിലമതിക്കപെട്ട ഒന്നായതിനാല്‍ അല്ലെ സൂര്യഭഗവാന്‍റെ ജന്മദിനമായ ഡിസംബര്‍ 25 ക്രിസ്മസ് ദിനമായി മാറിയത്!!

അധാര്‍മ്മിക ചെയ്തികളിലൂടെ ക്രിസ്മസ് ആഘോഷിക്കുന്നവര്‍ യേശുവിനെ മനപൂര്‍വം മറക്കുകയും വേദനിപ്പിക്കുകയും ആണു ചെയ്യുന്നത് .ഇന്ന് CHRISTMAS എന്ന നല്ല പദത്തിന്‍റെ അര്‍ത്ഥം പോലും മാറി  CHRISTMISS ആയിരിക്കുന്നു.എന്തിനെയും കച്ചവട ദൃഷ്ടികള്‍കൊണ്ട് വീക്ഷിക്കുന്നവര്‍ക്ക് ഇതൊരു ഉത്സവം ആണ്.മദ്യം അനിയന്ത്രികമായി ഒഴുകുന്ന ഈ ദിവസങ്ങള്‍ എന്തുമാത്രം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു !എത്രയോ ഭവനത്തിന്‍റെ സമാധാനവും സന്തോഷവും ഇല്ലാതെയാക്കുന്നു.പണമുള്ളവര്‍ തിന്നു ,കുടിച്ചു ,ഭവനങ്ങള്‍ അലങ്കരിച്ചു ,വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിച്ചണിഞ്ഞു ആഘോഷത്തിമിര്‍പ്പിലാകുമ്പോള്‍ എത്രയോ വീടുകളില്‍ ക്രിസ്മസിന് ഒരുനേരമെങ്കിലും വയറുനിറച്ചു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും.ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ യേശു അപ്പച്ചന്‍ ഒരു പിച്ചകാരന്‍റെ വേഷത്തില്‍ വന്നാല്‍പോലും തിരിച്ചറിയാന്‍ വയ്യാത്ത കാലഘട്ടത്തിലാണ് നാമിപ്പോള്‍ . പോകു,ഇവിടെ ഒന്നുമില്ല ,ഞങ്ങള്‍ക്ക് ക്രിസ്മസ്ന്‍റെതായ അല്‍പ്പം തിരക്കുണ്ട് എന്നൊക്കെ പറയും .ഇവിടെയാണ് നാം നന്മ ചെയ്യേണ്ടതും ക്രിസ്തു ജനിക്കേണ്ടതും .MERRY CHRISTAS എന്ന് സ്നേഹത്തോടെ മറ്റുള്ളവരോട് പറയുപ്പോഴും അവരുടെ ആന്തരിക മുറിവുകള്‍ അറിയുവാനും രണ്ടു ആശ്വാസവാക്കെങ്കിലും പറയുവാനും നാം  സന്നദ്ധരായിരിക്കണം .സ്വന്തം ജീവിതം മാത്രം നോക്കി ഒതുങ്ങി കഴിയുവാനുള്ളതല്ല നമ്മുടെ ജീവിതം . മറ്റുള്ളവരിലേക്ക് ഒന്ന് ഇറങ്ങി ചെല്ലണം . ബാഹ്യമായ ആഘോഷങ്ങള്‍ക്ക് അപ്പുറം ഹൃദയത്തില്‍ യേശുവിനു സ്ഥാനം നല്‍കുവാന്‍ കഴിയണം .

യേശു ക്രിസ്തു നമുക്കുവേണ്ടി ജനിച്ചു, ജീവിച്ചു, മരിച്ചു, ഉയര്‍ത്തെഴുനേറ്റു. തന്‍റെ ജീവന്‍ പോലും ബലിയായി കൊടുത്ത് ഇത്രയേറെ പങ്കപാടുകള്‍ നമുക്കുവേണ്ടി സഹിക്കുവാന്‍  കഴിഞ്ഞുവെങ്കില്‍ സകല മനുഷ്യരുടെയും രക്ഷക്ക് കാരണമായിതീര്‍ന്ന യേശുവിനു  നാം എന്തുമാത്രം സമ്മാനങ്ങള്‍ നമ്മുടെ ജീവിതപ്രവര്‍ത്തിയിലൂടെ  കാഴ്ച അര്‍പ്പിക്കേണ്ടതുണ്ട് ?അങ്ങ് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവ പുത്രന്‍ ജനിച്ചപ്പോള്‍ അവന് എങ്ങും ഒരിടം പോലും ഉണ്ടായിരുന്നില്ല.എന്നാല്‍ യേശു മനുഷ്യനോട്, മനുഷ്യഹൃദയ വാതിലില്‍ കൊട്ടി വിളിച്ചു ചോദിക്കുകയാണ് ..മകനെ ,മകളെ എനിക്ക് ഒന്നു ജനിക്കുവാന്‍ നിങ്ങളുടെ ഉള്ളില്‍ ഇടയുണ്ടോ ? ഈ ക്രിസ്തുവിനെ ഹൃദയത്തില്‍ കൈകൊള്ളാതെ  എങ്ങനെ ക്രിസ്മസ് പൂര്‍ണ്ണമാകും ?

ഈ ആഘോഷം കൊണ്ടൊക്കെ ദൈവം സന്തോഷിക്കും എന്ന് കരുതുന്നു വെങ്കില്‍ അത് വെറും മിഥ്യാധാരണ മാത്രമാണ്.മനുഷ്യര്‍ തെറ്റുകളുടെ സൗധങ്ങള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി  പണിതു കൊണ്ടേയിരിക്കുന്നു . യേശുവിനു വീണ്ടും ജനിക്കാനുള്ള ഒരിടത്തിനുവേണ്ടി ,അതിനെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു മേരിക്ക് വേണ്ടി ,സകലതും നല്‍കി ക്ഷേമമായി സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ജോസഫ്‌ ആകാന്‍ നമുക്ക് കഴിഞ്ഞാല്‍ യേശു നമ്മില്‍ ജനിക്കും .ജനിച്ചു കഴിയുമ്പോള്‍ ഈ ക്രിസ്മസും അര്‍ത്ഥവത്താകും .അതോടുകൂടി ഐശ്യര്യ സമ്പൂര്‍ണമായ ,ആഗ്രഹങ്ങളുടെ സാക്ഷത്കാരമാകുന്ന  ഒരു പുതുവര്‍ഷം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.ആശംസകളോടെ...ജിന്‍സി

4 comments:

  1. ഈ വര്ഷം ക്രിസ്മസ് ആഘോഷം വേണ്ട പകരം ഒരു അനാഥാലയത്തില്‍ ചിലവിടാം എന്ന് തീരുമാനിക്കുന്ന എത്ര പേര്‍ ഉണ്ടാകും ഈ ലോകത്തില്‍.. .ആഖോഷങ്ങള്‍ അനവധി ..ഇതും ഒരു കേവല ആഘോഷം മാത്രമായി കടന്നു പോവുകതന്നെ ചെയ്യും ...ത്യാഗവും സഹനവും യേശുവിനു മാത്രം ...നമുക്കുവേണ്ടി ക്രൂശിതന്‍ ആയി എന്ന് പറയപ്പെടുന്ന ഈശോ ..എന്തായാലും നമ്മള്‍ക്ക് വേണ്ടി അദേഹം സഹിച്ചു നമ്മുക്കിനി സുഖിക്കാം എന്ന് പറയപ്പെടുന്ന ജനതയും ...എന്തായാലും ഒരു ഓര്‍മ്മപെടുത്തല്‍ നന്നായി ...ഏവര്‍ക്കും കൂടെ ജിനുമോനും എന്റെ ക്രിസ്മസ് ആശംസകള്‍

    ReplyDelete
    Replies
    1. ദീപ ചേച്ചി,വളരെ ശരി തന്നെ.അങ്ങനെ നല്ല മനസുള്ളതും നന്മ ചെയ്യുന്നതുമായ ഒരുകൂട്ടം ജനതയും നമ്മുടെ ചുറ്റും ഉണ്ട്.ഈ ക്രിസ്മസ് വെറും ഒരു ആഘോഷമായി മാത്രം കടന്നുപോവരുത് എന്നാണ് എന്‍റെ ആഗ്രഹം.ഇങ്ങനെയൊക്കെ ചെയ്തും കൊടുത്തും ആഗ്രഹിക്കാനല്ലേ നമുക്ക് പറ്റൂ.
      വീണ്ടും ഇവിടെ വന്നതില്‍ വളരെ നന്ദി.
      എന്‍റെയും ക്രിസ്മസ് ആശംസകള്‍ ആതിരചേച്ചിക്കും അഭിചേട്ടനും.

      Delete
  2. നിങ്ങളുടെ ഹ്രദയത്തില്‍ ഒരു കുഞ്ഞു മെഴുകുതിരി കത്തുന്നുണ്ട് അതൊരുപാട് പേര്‍ക്ക് വെളിച്ചമാകട്ടെ.ആശംസകള്‍

    ReplyDelete